by webdesk3 on | 27-07-2025 12:11:06 Last Updated by webdesk3
കേരളത്തില്‍ തുടരുന്ന കനത്ത മഴമൂലം മലയോര മേഖലകളിലടക്കം നിരവധി പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത്.
മലയോര മേഖലകളായ താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലും മരങ്ങള്‍ ഒടിഞ്ഞുവീണതും ഗതാഗതത്തെ വലിയ തോതില്‍ ബാധിച്ചു. ഒന്‍പതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും ചുരം സംരക്ഷണ പ്രവര്‍ത്തകരും എത്തി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലാം വളവില്‍ റോഡിലേക്ക് വലിയ മരം വീണതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.
പാലക്കാട് ജില്ലയില്‍ വ്യാപകമായി നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളായ കഞ്ചിക്കോട്, മങ്കറ, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്.
കോഴിക്കോട് ജില്ലയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളില്‍ അര്‍ധരാത്രി തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. വിലങ്ങാട് ജലജയുടെ വീട് മരം വീണുണ്ടായ അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലും കനത്ത മഴ തുടരുകയാണ്. ചാലക്കുടിയിലെ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.