by webdesk2 on | 27-07-2025 08:08:15 Last Updated by webdesk2
തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി പാലോട് രവി രാജിവച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയില്‍ താല്‍കാലിക അധ്യക്ഷനെ നിയമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഒരുമാസത്തിനുള്ളില്‍ പുനഃസംഘടന വരുമ്പോള്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ താല്‍ക്കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കും.
എം വിന്‍സെന്റിന്റെ പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മണക്കാട് സുരേഷ്, ചെമ്പഴന്തി അനില്‍ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം ഉടന്‍ തന്നെ തീരുമാനം എടുക്കും. അതിനിടെ പാലോട് രവിയില്‍ നിന്നും രാജി ചോദിച്ചു വാങ്ങിയതില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ട്. തുടക്കത്തിലുള്ള നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ളതാണ് ഭൂരിപക്ഷാഭിപ്രായം.
ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് പാലോട് രവി നേതൃത്വത്തിനു വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്നാണ് സൂചന. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്. പുതിയ ഡിസിസി അധ്യക്ഷന്‍ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ആണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ വിവാദം കത്തുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.
കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമല്ല. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവില്‍ അതിവേഗമായിരുന്നു രാജി. വിവാദ ഫോണ്‍ സംഭാഷണം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.