by webdesk2 on | 26-07-2025 02:22:44 Last Updated by webdesk2
തൃശൂര്‍: ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലെത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്. വിയ്യൂര്‍ ജയിലിലെ അതീവ സുരക്ഷാസെല്ലില്‍ ഏകാന്ത തടവിലായിരിക്കും ഇനിയങ്ങോട്ട് ഗോവിന്ദച്ചാമി. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. ഭക്ഷണം എത്തിച്ച് നല്‍കും. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.
ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലിന്റേത്. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതി വേലിയുണ്ട്. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുണ്ട്.
ജയില്‍ച്ചാട്ടം അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ ജയിലിലെത്തി മഹസ്സര്‍ തയ്യാറാക്കി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. അതേസമയം റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജയില്‍ച്ചാട്ടത്തിന് ശേഷം ട്രെയിനില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതി. വഴി തെറ്റിയതിനാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താനായില്ല.