by webdesk2 on | 26-07-2025 07:24:43 Last Updated by webdesk2
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി ജയില്‍ചാടിയതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ സെന്‍ട്രല്‍ ജയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നില്‍നിന്നു രണ്ട് കിലോമീറ്റര്‍ അകലെയുള്ള തളാപ്പില്‍ നിന്നും പിടികൂടുകയായിരുന്നു.
ജയിലിലെ ഗുരുതര സുരക്ഷാവീഴ്ച ചര്‍ച്ചയാക്കിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം. 9 മാസമായി ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികള്‍ തകര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. താന്‍ ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നു. ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ 9 മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. തന്നെ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് കരുതാത്തതിനാലാണ് ജയില്‍ചാട്ടത്തിനായി തയ്യാറെടുത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
2011 ഫെബ്രുവരിയില്‍ ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേല്‍പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് തമിഴ്‌നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബര്‍ 11നു തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിര്‍ത്തുകയുമായിരുന്നു. ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്.