by webdesk3 on | 25-07-2025 11:23:54 Last Updated by webdesk2
കണ്ണൂര്‍: അതീവ സുരക്ഷയുള്ള സെന്‍ട്രല്‍ ജയിലില്‍ നിന്നു പുലര്‍ച്ചെ ജയില്‍ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ ഒളിച്ചിരിക്കുന്നിടെയാണ് പൊലീസ് ഇയാളെ നാടകീയമായി പിടികൂടിയത്.
ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. നാലര മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.
പുലര്‍ച്ചെ 4.15നും 6.30നും ഇടയിലാണ് ഗോവിന്ദച്ചാമി ജയിലില്‍ നിന്നു രക്ഷപ്പെടുന്നത്. അതീവ സുരക്ഷയുള്ള 10B ബ്ലോക്കിലെ സെല്ലിന്റെ ഇരുമ്പ് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്. 7.5 മീറ്റര്‍ ഉയരമുള്ള മതിലിന്റെ മുകളിലെ ഫെന്‍സിംഗും അതിജീവിച്ചാണ് ഇയാള്‍ രക്ഷപ്പെടുന്നത്.
പുലര്‍ച്ചെ നടത്തിയ റൂട്ടിന്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന വിവരം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വലിയതോതിലുള്ള തെരച്ചിലാണ് ആരംഭിച്ചത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ലഭിച്ചെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
പോലീസിനെ കണ്ടയുടന്‍ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിലേക്കാണ് ഗോവിന്ദച്ചാമി എടുത്ത് ചാടിയത്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജയിലില്‍ നിന്ന് ഇയാള്‍ക്ക് എങ്ങനെ സഹായം ലഭിച്ചുവെന്നതടക്കം വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.