by webdesk3 on | 24-07-2025 12:50:51 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്ത് മുണ്ടിനീര്‍ രോഗം വ്യാപകമായി പടരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ മാസത്തില്‍ മാത്രം 475 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്താകെ 20,000ത്തിലധികം മുണ്ടിനീര്‍ കേസുകള്‍ സ്ഥിരീകരിച്ചു. രോഗം കൂടുതലായും യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ബാധിക്കുന്നത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളിലും വീട്ടില്‍ ചികിത്സ തേടിയവരിലും കണക്കുകളില്‍ ഉള്‍പ്പെടാത്ത പലരിലുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
മുണ്ടിനീര്‍, അല്ലെങ്കില്‍ മംപ്‌സ്, പാരാമിക്‌സോവൈറസ് വിഭാഗത്തില്‍പെട്ട വൈറസാണ് പകര്‍ത്തുന്നത്. പനി, കവിള്‍തടത്തില്‍ വേദന, ഗ്രന്ഥിയുടെ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എങ്കിലും ഈ ലക്ഷണങ്ങള്‍ മറ്റ് വൈറസ് ബാധകളിലോ ബാക്ടീരിയ ബാധകളിലോ ഉണ്ടാകാമെന്നതിനാല്‍ കൃത്യമായ പരിശോധനയ്ക്ക് ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് മരുന്ന് ഉപയോഗിക്കേണ്ടത്. പനി കുറയ്ക്കാനും വേദന അകറ്റാനും വേണ്ടിയാണ് ചികിത്സ നല്‍കുന്നത്. ആരോഗ്യവകുപ്പ് രോഗവ്യാപനം കുറയ്ക്കുന്നതിനായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.