by webdesk2 on | 24-07-2025 07:47:22 Last Updated by webdesk3
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തുകയാണ്. ബലിതര്‍പ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്‌നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോവളം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തൃശൂര്‍ തിരുവില്ല്വാമല വില്വാദ്രിനാഥ ക്ഷേത്രം, ആറന്മുള, കൊല്ലം തിരുമുല്ലവാരം, കാസര്‍കോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍. ഇവിടെയെല്ലാം ബലിതര്‍പ്പണത്തിന് പുലര്‍ച്ചെയോടെ തന്നെ ഭക്തര്‍ എത്തി.
ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഇന്ന് പുലര്‍ച്ചെ 2.30ന് തുടക്കമായി. പുലര്‍ച്ചെ ആരംഭിച്ച പിതൃതര്‍പ്പണം ഉച്ചയോടെ അവസാനിക്കും. അറുപതോളം ബലിത്തറകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിന് വരിനില്‍ക്കാനുള്ള നടപ്പന്തല്‍, ബാരിക്കേഡുകള്‍ എന്നിവയും സജ്ജമായി. ഒരേസമയം 500 പേര്‍ക്ക് നില്‍ക്കാവുന്ന രീതിയിലാണ് നടപ്പന്തല്‍ സജ്ജീകരിച്ചിരിക്കുന്നത്.
കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിംഗിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ബലിതര്‍പ്പണത്തിനായി പാപനാശത്തും, വിവിധ ക്ഷേത്രങ്ങളിലും, ബലിതര്‍പ്പണം നടത്തുന്ന മറ്റിടങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയര്‍പ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പൂക്കള്‍ എന്നിവയാണ് പൂജാദ്രവ്യങ്ങള്‍. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്തി വരുന്നത്. വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകത്തിലേത്.