by webdesk2 on | 23-07-2025 02:35:36
വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. 22 മണിക്കൂര്‍ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടില്‍ എത്തിയത്. വിഎസിനെ അവസാനമായി കാണാന്‍ വീട്ടിലേക്ക് ജനപ്രവാഹമാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്.
വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, വിലാപയാത്ര ആലപ്പുഴയില്‍ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്.