by webdesk3 on | 23-07-2025 12:41:23 Last Updated by webdesk3
ശബരിമലയില്‍ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള സ്വകാര്യ പണ പിരിവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശം നല്‍കി. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കിയതോടെ, ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
വിഗ്രഹം സ്ഥാപിക്കാന്‍ തമിഴ്‌നാട് സ്വദേശിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും കോടതി ആവശ്യപ്പെട്ടു. ആ വ്യക്തി കോടതിയില്‍ ഹാജരാകണമെന്നും നേരത്തെ അയച്ച നോട്ടീസിന് മറുപടി നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതുവരെ എത്ര രൂപ പിരിച്ചുവെന്നത് പൊലീസ് കണ്ടെത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ ദേവസ്വം കാര്യങ്ങളില്‍ സ്വകാര്യ ഇടപെടലുകള്‍ക്ക് തടയിടേണ്ടതുണ്ടെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ തന്ത്രിയുടെ അനുമതി ഉണ്ടോ എന്നതടക്കം കാര്യങ്ങള്‍ വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.