by webdesk3 on | 23-07-2025 12:33:17 Last Updated by webdesk3
ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലൂടെയാണ് തിരുവനന്തപുരത്തെത്തിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യം പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. അതിന് ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിലായിരിക്കും.
വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു.
ജൂലൈ 8-നാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ വിപഞ്ചികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമനമനുസരിച്ച്, മകളെ തൂക്കി കൊല്ലിച്ചതിന് ശേഷം വിപഞ്ചിക ജീവനൊടുക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഭര്‍തൃപീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഷാര്‍ജ പൊലീസ് അന്വേഷണം തുടരുകയാണ്.