by webdesk2 on | 22-07-2025 08:44:18 Last Updated by webdesk2
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന് സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ഗായകന്‍ കെജെ യേശുദാസ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് എന്നും ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓര്‍ക്കുക അസ്തമയം ഇല്ലാത്ത സൂര്യന്‍ എന്നായിരിക്കുമെന്നും യേശുദാസ്. ഇതുപോലെ ആദര്‍ശമുള്ള മനുഷ്യര്‍ ഇനി വരുമോ എന്നും യേശുദാസ് ചോദിക്കുന്നു.
വിട. വിപ്ലവ സൂര്യന്‍ വിട വാങ്ങി. ആദരാഞ്ജലികള്‍..കണ്ണീര്‍ പ്രണാമം. മരണത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ഓര്‍മ്മകളില്‍ വി.എസ്. ജീവിക്കുമ്പോള്‍ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓര്‍ക്കുക അസ്തമയം ഇല്ലാത്ത സൂര്യന്‍ എന്നായിരിക്കും. ആദര്‍ശസൂര്യന് ആദരാഞ്ജലികള്‍. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദര്‍ശമുള്ള മനുഷ്യര്‍. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദന്‍ ജ്വലിക്കുന്ന ഓര്‍മ്മയായി മനുഷ്യഹൃദയങ്ങളില്‍ എന്നും ജീവിക്കും,എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.