by webdesk3 on | 21-07-2025 12:30:27 Last Updated by webdesk3
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ജോലിയില്‍ നിന്ന് പുറത്തായി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശാസ്താംകോട്ട സ്വദേശിയായ സതീഷിനെയാണ് കമ്പനിയില്‍ നിന്ന് പുറത്താക്കിയത്. ഈ കാര്യം കമ്പനിയാണ് ഔദ്യോഗികമായി സതീഷിനെ അറിയിച്ചത്. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലി ചെയ്യാന്‍ ആരംഭിച്ചത്.
അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും, യുവതി അനുഭവിച്ച പീഡനത്തെക്കുറിച്ച് തുറന്നുപറയുന്ന ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സതീഷിനെതിരെ നടപടി എടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീധന പീഡനവും ശാരീരിക പീഡനവുമാണ് മറ്റ് കുറ്റങ്ങള്‍. അന്വേഷണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനാണ് സാധ്യത.