News Kerala

കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ചുണ്ടേല്‍ റുഖിയ അന്തരിച്ചു

Axenews | കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ചുണ്ടേല്‍ റുഖിയ അന്തരിച്ചു

by webdesk2 on | 21-07-2025 08:21:22 Last Updated by webdesk3

Share: Share on WhatsApp Visits: 17


കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ചുണ്ടേല്‍ റുഖിയ അന്തരിച്ചു

ബത്തേരി:  കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി എന്ന നിലയില്‍ ശ്രദ്ധേയയായ ചുണ്ടേല്‍ റുഖിയ (66) അന്തരിച്ചു. ചുണ്ടേല്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ ഏകദേശം 30 വര്‍ഷത്തോളം ഇറച്ചിവെട്ടുകാരിയായിരുന്നു. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം.

ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ് റുഖിയ. പിതാവിന്റെ മരണത്തോടെ പത്താം വയസ്സില്‍ കുടുംബഭാരം ഏറ്റെടുക്കുകയായിരുന്നു. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്നെങ്കിലും, കൂലി തികയാതെ വന്നതോടെയാണ് ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിഞ്ഞത്. 1989-ല്‍ ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചു.

തുടക്കകാലത്ത് ഒരു സ്ത്രീ ഇറച്ചിവെട്ടും കാലിക്കച്ചവടവുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നതില്‍ ചുറ്റുമുള്ളവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇകഴ്ത്താനും പിന്തിരിപ്പിക്കാനും ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നെങ്കിലും, റുഖിയ തന്റെ ദൃഢനിശ്ചയത്താല്‍ മുന്നോട്ട് പോവുകയായിരുന്നു.

2022-ലെ വനിതാ ദിനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ആദരിച്ച 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ഈ ആദരം.

അവിവാഹിതയായിരുന്ന റുഖിയ, തന്റെ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചതും സ്വന്തം വരുമാനം കൊണ്ടായിരുന്നു. പ്രായാധിക്യ പ്രശ്നങ്ങള്‍ അലട്ടിയതോടെ 2014ല്‍ അറവ് നിര്‍ത്തി. പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റ് കച്ചവടങ്ങളിലും സജീവമായി തുടര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും റുഖിയ സജീവമായിരുന്നു.  വരുമാനത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. ഫുട്ബോളിനെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്ന റുഖിയ, ചുണ്ടേലും പരിസരത്തും ഫുട്ബോള്‍ കളിയുണ്ടെങ്കില്‍ കാണാനെത്തി കളിക്കാരെയും ക്ലബ്ബുകളെയും പ്രോത്സാഹിപ്പിച്ചിരുന്നു.




Share:

Search

Recent News
Popular News
Top Trending


Leave a Comment