by webdesk2 on | 21-07-2025 07:50:16 Last Updated by webdesk3
ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് ആരംഭിച്ചേക്കും. ദുരൂഹമായ മരണമായതിനാല്‍, കൊലപാതകമാണോ എന്ന് കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ അതീവ നിര്‍ണായകമാണ്. അതേസമയം, ഭര്‍ത്താവിനെതിരെ ഷാര്‍ജയില്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ ബന്ധുക്കള്‍ നീക്കം തുടങ്ങി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ ലഭിച്ചാല്‍ നിയമനടപടി തുടങ്ങാനാണ് ഷാര്‍ജയിലുള്ള അതുല്യയുടെ സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് തീരുമാനിച്ചു.
ശാസ്താംകോട്ട സ്വദേശി സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും, പീഡനം തുറന്നുപറയുന്ന അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. സതീഷിനെതിരായ പരാതിയില്‍ ചവറ തെക്കുംഭാഗം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്