by webdesk2 on | 20-07-2025 03:25:21
ധര്‍മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം മറവു ചെയ്‌തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി . ഐ ജി എം എന്‍ അനുചേത്, ഡി സി പി സൗമ്യലത, എസ് പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടും.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മിസ്സിംഗ് കേസുകള്‍ അടക്കം ഈ അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരും. വനിതാ കമ്മീഷന്റെ കത്ത് പ്രകാരവും ദക്ഷിണ കന്നഡ എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരവുമാണ് ഉത്തരവ്.
മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്.