by webdesk3 on | 20-07-2025 02:42:55
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠനസമയം മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങുന്നു. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
പുതിയ സമയക്രമപ്രകാരം ക്ലാസുകള്‍ രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ നീട്ടിയതായിരുന്നു വിവാദത്തിന് കാരണമായത്. പഠന സമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ച 220 പ്രവൃത്തി ദിവസങ്ങള്‍ പാലിക്കേണ്ടതിന്റെ ഭാഗമായി അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുള്‍പ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകള്‍. പുതിയ സമയക്രമം മദ്രസാ പഠനത്തെയും മത വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടനകളുടെ പരാതി.
സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആഗസ്റ്റ് 5-ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധര്‍ണ നടത്തുമെന്നും സമസ്ത മുന്നറിയിപ്പ് നല്‍കി.