by webdesk2 on | 20-07-2025 08:14:03 Last Updated by webdesk3
ഹാനോയ്: വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 34 മരണം. സംഭവത്തില്‍ വിയറ്റ്‌നാമീസ് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം ദുഃഖം അറിയിച്ചു. അപകടകാരണം അധികൃതര്‍ വിശദമായി അന്വേഷിക്കുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വണ്ടര്‍ സീസ് എന്ന ബോട്ട് മറിഞ്ഞത്. 53 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ അകപ്പെട്ട് മുങ്ങുകയായിരുന്നു. അപകടത്തില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ കുറഞ്ഞത് എട്ട് പേര്‍ കുട്ടികളാണെന്ന് വിഎന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 11 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
തലസ്ഥാനമായ ഹനോയിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്‌നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. വലിയ ആലിപ്പഴ വര്‍ഷവും ശക്തമായ മഴയും ഇടിയും മിന്നലും അപകട സമയത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്വാങ് നിന്‍ പ്രവിശ്യയിലെ ഹാ ലോങ് ബേ, നൂറുകണക്കിന് ചെറിയ ദ്വീപുകളാല്‍ നിറഞ്ഞ മനോഹരമായ പ്രദേശമാണ്. 2019-ല്‍ ഏകദേശം 4 ദശലക്ഷം വിനോദസഞ്ചാരികള്‍ ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് അപകടം നടന്ന ഹാ ലോങ് ബേ.