by webdesk3 on | 19-07-2025 12:29:00
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല. ഇപ്പോള്‍ ചിലര്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും ലക്ഷ്യം വെച്ച് കരിങ്കൊടി കാണിക്കുകയാണ്. കുറച്ച് പേര്‍ കാറിന് മുന്നില്‍ എടുത്തു ചാടുന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നതുമാണ് നടക്കുന്നത്, മന്ത്രി പറഞ്ഞു.
കരിങ്കൊടി കാണിക്കുന്നവര്‍ ഈ കുടുംബത്തിന് സഹായിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അതേസമയം സര്‍ക്കാര്‍ അടിയന്തരമായി തന്നെ സഹായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ നിന്ന് അവരുടെ കുടുംബത്തെ കരകയറ്റാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും, അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരായ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ നിയമപ്രകാരം മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.