by webdesk2 on | 19-07-2025 08:55:48
വാഷിങ്ടണ്‍ ഡി.സി.: താന്‍ ജെഫ്രി എപ്സ്റ്റീന് അശ്ലീല ജന്മദിന കത്ത് അയച്ചുവെന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 1,000 കോടി ഡോളര്‍ (ഏകദേശം 83,000 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫ്‌ലോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ ട്രംപ് കേസ് നല്‍കിയിരിക്കുന്നത്. പത്രത്തിന്റെ അവകാശവാദങ്ങള്‍ തെറ്റായതും, അപകീര്‍ത്തികരവും, അടിസ്ഥാനരഹിതവും, അവഹേളിക്കുന്നതും ആണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
2003-ല്‍ ജെഫ്രി എപ്സ്റ്റീന് അയച്ച ജന്മദിന സന്ദേശത്തില്‍ ട്രംപിന്റെ പേരും നഗ്‌നയായ ഒരു സ്ത്രീയുടെ ചിത്രവും ഉണ്ടായിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് തള്ളിയ ട്രംപ്, കത്ത് വ്യാജമാണെന്ന് പറയുന്നു.
വാള്‍സ്ട്രീറ്റ് ജേണലിന്റെ പ്രസാധകരായ ഡൗ ജോണ്‍സ് & കമ്പനി, അതിന്റെ മാതൃ കമ്പനിയായ ന്യൂസ് കോര്‍പ്പറേഷന്‍ എന്നിവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. കൂടാതെ, വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരായ ജോസഫ് പലാസോളോ, ഖദീജ സഫ്ദര്‍, മര്‍ഡോക്ക്, ഡൗ ജോണ്‍സ് സി.ഇ.ഒ. റോബര്‍ട്ട് തോംസണ്‍ എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കേസിനെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.