by webdesk3 on | 17-07-2025 03:40:58 Last Updated by webdesk2
കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന്, എബിവിപിയും കെഎസ്‌യും ചേര്‍ന്ന് കൊല്ലം ജില്ലയില്‍ നാളെ (വെള്ളിയാഴ്ച) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടമായത് വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍ ആരോപിച്ചു.
സ്‌കൂളില്‍ കളിക്കുമ്പോള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ത്ഥി സമീപത്തുള്ള വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.
വകുപ്പുകള്‍ ഉത്തരവാദിത്വം മാറ്റിവെക്കുന്ന നിലപാട് അപഹാസ്യമാണെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ മന്ത്രി യഥാസമയം നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും വൈദ്യുതി വകുപ്പും നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.