by webdesk2 on | 17-07-2025 01:13:28
ബാഗ്ദാദ്: ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തില്‍നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.
കെട്ടിടം പൂര്‍ണമായും അഗ്‌നിക്കിരയാവുന്നതിന്റെയും കനത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'തിരിച്ചറിയല്‍ രേഖകള്‍ സ്ഥിരീകരിച്ച 59 പേരുടെ ഒരു പട്ടിക ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്,' ഒരു നഗര ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിട ഉടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണറെ ഉദ്ധരിച്ച് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.