by webdesk2 on | 17-07-2025 08:13:59
നീണ്ട വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ഒടുവില്‍, സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒരേസമയം റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ചിത്രത്തിന് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡുമായി നിലനിന്നിരുന്ന തര്‍ക്കം ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പരിഹരിക്കപ്പെട്ടത്. രാമായണത്തിലെ സീതയുടെ പേരുമായി സാദൃശ്യമുള്ള ജാനകി എന്ന പേര് ഒരു ലൈംഗികാതിക്രമത്തിന് ഇരയായ കഥാപാത്രത്തിന് ഉപയോഗിക്കുന്നതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ജൂണ്‍ 27-ന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അവര്‍ വാദിച്ചു.
തുടര്‍ന്ന്, അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് സമവായത്തിലെത്തുകയുമായിരുന്നു. അതനുസരിച്ച്, ചിത്രത്തിന്റെ പേര് ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റി. കൂടാതെ, കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്യാനും തീരുമാനിച്ചു. ഈ മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനായി അണിയറ പ്രവര്‍ത്തകരോടൊപ്പം തൃശൂരില്‍ എത്തും. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.