by webdesk2 on | 17-07-2025 08:03:14 Last Updated by webdesk3
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍, വിമാനത്തിന്റെ സീനിയര്‍ പൈലറ്റ് സംശയനിഴലിലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍. ഫ്യുവല്‍ സ്വിച്ച് കട്ട് ചെയ്തത് സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാള്‍ എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ഈ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് പ്രതികരിച്ചു.
രാജ്യത്തെ നടുക്കിയ ഈ അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ട് സംശയങ്ങള്‍ ബാക്കിനിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമാണ് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിന്റെ പ്രതികരണം.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം 242 യാത്രക്കാരുമായി പറന്നുയരവേ വിമാനത്താവളത്തിനുസമീപം തകര്‍ന്നു വീഴുകയായിരുന്നു. അപകടം നടന്ന് ഒരു മാസം തികയുന്ന ശനിയാഴ്ചയാണ് എഎഐബി പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.