by webdesk2 on | 17-07-2025 07:48:04 Last Updated by webdesk3
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തൊടുപുഴ പൊലീസിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്നാണ് എഫ് ഐ ആര്‍. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.
കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമര്‍ശങ്ങളായിരുന്നു പി സി ജോര്‍ജ് നടത്തിയത്. മുസ്ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാം. കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.