News Kerala

അമ്മ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കും

Axenews | അമ്മ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കും

by webdesk2 on | 16-07-2025 08:11:06

Share: Share on WhatsApp Visits: 12


അമ്മ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കും

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും നിലവിലെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 സീറ്റുകളില്‍ നാലെണ്ണം വനിതകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാനങ്ങള്‍ ജനറല്‍ സീറ്റുകളാണ്. മറ്റ് സംഘടനകളില്‍ ഭാരവാഹിത്വം ഇല്ലാത്തവര്‍ക്കാണ് അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളത്.

മാര്‍ച്ച് 31 വരെ സംഘടനയില്‍ കുടിശ്ശികയില്ലാത്ത ആജീവനാന്ത അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഈ മാസം 24 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാളത്തിലെ ചില താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പരാതികള്‍ സിനിമാ വ്യവസായത്തെയും അമ്മ സംഘടനയെയും വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് രാജിവെക്കുകയും, പകരം താല്‍ക്കാലിക ചുമതലയേറ്റ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഇതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ നിരവധി താരങ്ങള്‍ സംശയത്തിന്റെ നിഴലിലായി. ഈ സാഹചര്യത്തിലാണ് അമ്മ സംഘടനയുടെ ഭാരവാഹികള്‍ ഒന്നാകെ രാജിവെച്ച് അഡ്ഹോക്ക് കമ്മിറ്റിക്ക് ഭരണം കൈമാറിയത്.

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമെടുത്തത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരട്ടെ എന്ന നിലപാടിലായിരുന്നു ഭൂരിഭാഗം അംഗങ്ങളും. എന്നാല്‍, മോഹന്‍ലാല്‍ അമ്മ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്ന് ഉറപ്പായതോടെ, എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നടന്‍ അധ്യക്ഷനാകട്ടെ എന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. ദീര്‍ഘകാലം ഇന്നസെന്റായിരുന്നു അമ്മയുടെ അധ്യക്ഷന്‍. ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ ഭരണകാലത്ത് സംഘടനയെ നയിച്ചതുപോലെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതാണ് ഒരു പ്രധാന പരാതി. എല്ലാവര്‍ക്കും സ്വീകാര്യനായ വിജയരാഘവനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചയും ഒരു വിഭാഗം അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, സംഘടനാ തലപ്പത്തേക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിജയരാഘവന്‍.

നവ്യ നായരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനായി മറ്റൊരു വിഭാഗവും ശ്രമം നടത്തുന്നുണ്ട്. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനോട് മിക്കവരും അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. അമ്മ സംഘടനയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുകയെന്നതായിരിക്കും വരാനിരിക്കുന്ന ഭരണസമിതിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒരു യുവ നേതൃത്വം വരട്ടെ എന്ന നിലപാട് സ്വീകരിക്കുന്ന അംഗങ്ങളുമുണ്ട്. ഡബ്ല്യൂ.സി.സി.യുടെ ഭാഗമായി നില്‍ക്കുന്ന നടിമാരെ തിരികെ അമ്മ യിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരും സംഘടനയിലുണ്ട്. അതിനാല്‍ അവര്‍ക്കുകൂടി സ്വീകാര്യതയുള്ള ഒരു ഭരണസമിതിയായിരിക്കണം വരേണ്ടത്.

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘടനയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായ നല്ലൊരു പാനല്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നടന്മാര്‍. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ട ഫെഡറേഷനില്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് നടന്നത്. അമ്മ തിരഞ്ഞെടുപ്പിനൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.








Share:

Search

Recent News
Popular News
Top Trending


Leave a Comment