by webdesk2 on | 16-07-2025 07:38:10 Last Updated by webdesk3
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുള്ള സിഖ് മതവിശ്വാസികളുടെ പുണ്യകേന്ദ്രമായ സുവര്‍ണ്ണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി ലഭിച്ചു. ഇതേത്തുടര്‍ന്ന് ക്ഷേത്രപരിസരത്തും പരിസരപ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ഇ-മെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നില്‍ ഒരേ വ്യക്തിയാകാമെന്നാണ് പൊലീസ് നിഗമനം.
ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.ക്ഷേത്രത്തിനുള്ളിലെ ലങ്കറില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സുവര്‍ണക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. നിലവില്‍ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സുവര്‍ണ്ണക്ഷേത്രത്തിന് നേരെ ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ഉണ്ടാകുന്നത്. ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞിട്ടില്ലെങ്കിലും, ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.