News Kerala

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

Axenews | നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

by webdesk2 on | 15-07-2025 01:35:02 Last Updated by webdesk2

Share: Share on WhatsApp Visits: 28


നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു



സനാ: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.

വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇന്നലെയും ഇന്നുമായി തീവ്രമായ ചര്‍ച്ചകളാണ് യെമനില്‍ നടന്നത്. വടക്കന്‍ യെമനില്‍ നടന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലഡ് മണി (ദയാധനം) സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നല്‍കണമെന്നും വധശിക്ഷ ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ചര്‍ച്ചകളില്‍ നിര്‍ദ്ദേശമുണ്ടായി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. യെമനിലെ സുന്നി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ വഴിയാണ് കാന്തപുരം ഈ വിഷയത്തില്‍ ഇടപെട്ടത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുള്‍ റഹ്‌മാന്‍ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലായിരുന്നു. എന്നാല്‍, കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തലാലിന്റെ കുടുംബം തങ്ങളുടെ നിലപാടില്‍ പുനര്‍വിചിന്തനം നടത്താന്‍ തയ്യാറായതായി സൂചനയുണ്ട്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും. യമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.

ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, ശാരീരികമായ പീഡനങ്ങളും ആരംഭിച്ചു. ഒടുവില്‍ ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment