by webdesk3 on | 15-07-2025 12:26:53 Last Updated by webdesk2
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമങ്ങള്‍ ശക്തമാകുന്നു. ഇന്ന് യെമന്‍ സമയം രാവിലെ 10 മണിക്ക് കൊല്ലപ്പെട്ട യമന്‍ സ്വദേശിയായ തലാല്‍ അല്‍ അസ്വാദിന്റെ കുടുംബവുമായി വീണ്ടും നിര്‍ണായക ചര്‍ച്ച നടക്കുകയാണ്.
ഈ ചര്‍ച്ചയില്‍ തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതിയുടെ ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തിയും പങ്കെടുക്കും.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറിന്റെ നേതൃത്വത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിമിഷപ്രിയയുടെ കേസില്‍ മുസ്ലിയാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് നടന്ന മുന്‍ ചര്‍ച്ചകള്‍ വളരെ അനുകൂലമായി മുന്നോട്ടുപോകുന്നുണ്ടെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
ഇതിനൊപ്പം, നാളെ നിശ്ചയിച്ചിരുന്ന വധശിക്ഷാ നടപടിയെ താല്‍ക്കാലികമായി നീട്ടിവെക്കാന്‍ യെമന്‍ അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതിനായുള്ള അടിയന്തര ഇടപെടല്‍ ഇന്നുതന്നെ ഉണ്ടാകുമെന്ന് കാന്തപുരത്തിന്റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.