by webdesk2 on | 15-07-2025 08:46:18 Last Updated by webdesk3
ദില്ലി: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. നാളെ വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഇന്നത്തെ ചര്‍ച്ചകള്‍ അതീവ നിര്‍ണ്ണായകമാണ്.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രതികരിച്ചിരുന്നില്ല. തലാലിന്റെ കുടുംബം ഇന്ന് തങ്ങളുടെ നിലപാട് അറിയിച്ചാല്‍ ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ ഒരു സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയത്. നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലഡ് മണി (ദയാധനം) സ്വീകരിച്ച് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കണമെന്നും, വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശം വെച്ചിരുന്നു.