by webdesk3 on | 14-07-2025 12:33:07 Last Updated by webdesk3
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് നിധീഷ്, സഹോദരി, ഭര്‍ത്തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസ് എടുത്തിരിക്കുന്നത്. മൂവരും ഇപ്പോള്‍ ഷാര്‍ജയില്‍ താമസിക്കുന്നതിനാല്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ തുടര്‍നടപടികള്‍ ഉണ്ടാകും.
വിപഞ്ചികയുടെ അമ്മ ശൈലജ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ആത്മഹത്യാ പ്രേരണയാണ് പ്രധാന കുറ്റം. കൂടാതെ വിവാഹത്തിനിടയില്‍ സ്ത്രീധനം വാങ്ങിയതിനും സ്ത്രീധനത്തെ തുടര്‍ന്നുള്ള മാനസിക പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരം പ്രത്യേക വകുപ്പ് ചേര്‍ത്താണ് കേസ്.
വിവാഹത്തിനുശേഷം മകള്‍ സ്ഥിരമായ പീഡനത്തിനിരയായിരുന്നുവെന്ന് ശൈലജയുടെ മൊഴിയിലുണ്ട്. വിപഞ്ചിക നേരിടേണ്ടി വന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ആത്മഹത്യാക്കുറിപ്പും ശൈലജ പൊലീസിന് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.