by webdesk2 on | 14-07-2025 08:18:41 Last Updated by webdesk3
ദില്ലി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം.
നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനും അവരെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ എന്നും ഇതിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
2017 ജൂലൈ 25-നാണ് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ, സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ നിമിഷപ്രിയ കൊലപ്പെടുത്തിയത്. പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരമായ പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്ന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍, ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താത്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി നല്‍കി ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, കൊല്ലപ്പെട്ടയാളുടെ കുടുംബം വലിയ തുക ആവശ്യപ്പെട്ടത് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.