by webdesk2 on | 14-07-2025 07:21:47 Last Updated by webdesk3
വാഷിങ്ടണ്‍: പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ ദൗത്യസംഘം ഇന്ന് (തിങ്കളാഴ്ച) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) നിന്ന് ഭൂമിയിലേക്ക് മടങ്ങും. വൈകിട്ട് 4:35-നാണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും കാലിഫോര്‍ണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും.
മടക്കയാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ആക്സിയം സ്പേസ് വ്യക്തമാക്കി. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗണ്‍ പേടകത്തില്‍ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും. ഉച്ചയ്ക്ക് 2:50-ന് യാത്രികര്‍ പേടകത്തിന് അകത്ത് കയറുകയും ഹാച്ച് അടക്കപ്പെടുകയും ചെയ്യും. വൈകിട്ട് 4:35-ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്യപ്പെടും. ഒന്നര മണിക്കൂറോളം സമയമെടുത്ത് നിലയത്തില്‍ നിന്ന് സുരക്ഷിത അകലത്തില്‍ എത്തിയ ശേഷമാകും ഭൂമിയെ ലക്ഷ്യമാക്കി അതിവേഗ യാത്ര തുടങ്ങുക. ഏകദേശം 22 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കൊടുവില്‍ കാലിഫോര്‍ണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യും. കപ്പലില്‍ എത്തി വിദഗ്ധര്‍ പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും.
കഴിഞ്ഞ ജൂണ്‍ 25-ന് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു. ജൂണ്‍ 26-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.