by webdesk3 on | 13-07-2025 12:46:33 Last Updated by webdesk3
കൊച്ചി: യെമനില്‍ വധശിക്ഷ നേരിടുന്ന നിമിഷപ്രിയയ്ക്ക് വേണ്ടി ഉറ്റവരുടെ ഇടപെടലുകള്‍ ശക്തമാകുന്നു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് അപേക്ഷ നല്‍കി.
ഇതേസമയം, കൊല്ലപ്പെട്ട തലയാലിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്.
ബുധനാഴ്ചയാണ് വധശിക്ഷയുടെ തീയതി. എന്നാല്‍ അവസാന നിമിഷത്തില്‍ തലയാലിന്റെ കുടുംബവുമായി ധാരണയിലെത്താനാകുമെന്നാണ് പ്രേമകുമാരിയുടെയും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ.
ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും, ഇനി എന്തെല്ലാം ഇടപെടലുകള്‍ സാധ്യമാകും എന്നും വ്യക്തമാക്കുന്നതായിരിക്കും സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കുന്ന മറുപടി. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരാകും.