by webdesk3 on | 12-07-2025 01:19:17 Last Updated by webdesk3
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് മികച്ച ഭാവിയാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് നടന്ന ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി പ്രസംഗം തുടങ്ങിയ അമിത് ഷാ, സംസ്ഥാനത്തെ മുന്നണികളെ ശക്തമായി വിമര്‍ശിച്ചു.
എല്‍ഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ നീണ്ട ചരിത്രമുണ്ടെന്നും, സ്വര്‍ണ്ണക്കടത്ത് കേസാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്തെ സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതികളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിനെതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും, കേരളം വികസനത്തിലേക്ക് നീങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബിജെപി മാത്രമാണ് വിശ്വസനീയമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയെയും വന്ദേ ഭാരത് ട്രെയിനുകളെയും ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളായി അമിത് ഷാ ഉയര്‍ത്തിക്കാട്ടി. കേരളത്തിലെ റെയില്‍വേ മേഖലയിലെ പുരോഗതിയും കേന്ദ്രസര്‍ക്കാരിന്റെ മികവിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം വിശദമാക്കി.