by webdesk2 on | 11-07-2025 09:52:24 Last Updated by webdesk3
തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്.
മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയില്‍ മോചിതയാകാന്‍ സാധിക്കും. നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി.
ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. 2009-ലാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.