by webdesk2 on | 11-07-2025 08:10:23 Last Updated by webdesk3
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷാ, നാളെ രാവിലെ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ഏറെനാളായി കാത്തിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാന മന്ദിരമായ K G മാരാര്‍ജി ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ കാര്യാലയമാണിത്. ബിജെപിയുടെ സംഘടനാതല പ്രചാരണത്തിനും നാളെ ഔദ്യോഗിക തുടക്കമാകും.
രാവിലെ പതിനൊന്നരയോടെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡ്തല പ്രതിനിധികളുടെ യോഗത്തില്‍ കേരളം മിഷന്‍ 2025 അമിത് ഷാ പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ വീതം സമ്മേളനത്തില്‍ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച്, യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കും.
ഉച്ചയ്ക്കുശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ അമിത് ഷാ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.