News Kerala

പരീക്ഷ എഴുതാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ വീണ്ടും പരാതി

Axenews | പരീക്ഷ എഴുതാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ വീണ്ടും പരാതി

by webdesk1 on | 12-09-2024 11:25:09

Share: Share on WhatsApp Visits: 69


പരീക്ഷ എഴുതാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ വീണ്ടും പരാതി


കൊച്ചി: ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റര്‍ പരീക്ഷ വിജയിക്കാത്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോക്ക് എം.എ കോഴ്‌സില്‍ പ്രവേശനം നല്‍കിയതായി പരാതി. എറണാകുളം മഹാരാജാസിലെ അഞ്ചുവര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പ്രവേശനം നേടിയ ആര്‍ഷോക്ക് ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പി.ജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍, എം.ജി സര്‍വകലാശാല വി.സി, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം. എന്നിരിക്കെ 10 ശതമാനം മാത്രം ഹാജരുള്ള ആര്‍ഷോക്ക് ആറാം സെമസ്റ്ററില്‍ പ്രവേശനം നല്‍കി. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റര്‍ പരീക്ഷപോലും എഴുതാത്ത ആര്‍ഷോക്ക് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി.ജി ക്ലാസില്‍ പ്രവേശനം നല്‍കിയതെന്നാണ് ആരോപണം.

ജൂണിനുമുമ്പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോ പഠിക്കുന്ന അര്‍ക്കിയോളജി ബിരുദം ഒഴികെ എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തി. തുടര്‍ന്ന് ആര്‍ക്കിയോളജി ആറാം സെമസ്റ്റര്‍ പരീക്ഷ ഫലം ഇല്ലാതെ ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാര്‍ഥികളെയും ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലാത്ത ആര്‍ഷോയെക്കൂടി പി.ജി ക്ലാസില്‍ പ്രവേശിപ്പിച്ചത്. ആര്‍ഷോക്ക് എം.എ ക്ലാസിലേക്ക് കയറ്റം നല്‍കാനാണ് ആര്‍ക്കിയോളജി അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്നും ആരോപണമുണ്ട്.

മഹാരാജാസ് കോളജ് സ്വയംഭരണമായതിനാല്‍ പ്രവേശനം, ഹാജര്‍, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയില്‍ എം.ജി സര്‍വകലാശാലക്ക് നിയന്ത്രണമില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കുകപോലും ചെയ്യാതെ പ്രിന്‍സിപ്പല്‍ ശിപാര്‍ശ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് സര്‍വകലാശാല ചെയ്യുന്നതെന്നും നിവേദനത്തില്‍ പറയുന്നു. ആര്‍ഷോക്ക് പി.ജിക്ക് പ്രവേശനം നല്‍കിയ കോളജ് പ്രിന്‍സിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് നിവേദനത്തിലെ ആവശ്യം.



Share:

Search

Recent News
Popular News
Top Trending


Leave a Comment