News India

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; നഷ്ടമായത് സി.പി.എമ്മിന്റെ സൗമ്യ മുഖങ്ങളിലൊന്ന്

Axenews | സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; നഷ്ടമായത് സി.പി.എമ്മിന്റെ സൗമ്യ മുഖങ്ങളിലൊന്ന്

by webdesk1 on | 12-09-2024 04:21:05 Last Updated by webdesk1

Share: Share on WhatsApp Visits: 96


സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; നഷ്ടമായത് സി.പി.എമ്മിന്റെ സൗമ്യ മുഖങ്ങളിലൊന്ന്


ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. 32 വര്‍ഷമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംമായിരുന്നു. 


ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. ഹൈദരാബാദിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കൊപ്പം വിജയവാഡയില്‍ റയില്‍വേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് സ്‌കൂളിലും പ്രാഥമിക പഠനം. 


ഡെല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974ല്‍ എസ്.എഫ്.ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.


അടിയന്തിരാവസ്ഥ കാലത്ത് 1975ല്‍ അദ്ദേഹം അറസ്റ്റിലായി. 1978ല്‍ എസ്.എഫ്.ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി. 1984ല്‍ 32 ാം വയസിലാണ് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.


പിന്നീട് 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സി.പി.എം ദേശീയ അധ്യക്ഷനായി. 2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment