by webdesk1 on | 11-09-2024 11:12:56
തിരുവനന്തപുരം: മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തില്‍ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എ.ഡി.ജി.പി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പി.വി. അന്‍വര്‍ എം.എല്‍.എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗുരുതരമുള്ളതാണ്. സര്‍ക്കാരിന് പുറത്തുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഇവരുടെ സംഭാഷണങ്ങളില്‍ നിന്നു തന്നെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരുമായുള്ള ബാന്ധവം ഉറപ്പാക്കുകയാണെന്നും ഗവര്‍ണര്‍ പറയുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സംസ്ഥാനത്ത് ഒരു എം.എല്‍.എ ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ അത്യാവശ്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.