by webdesk1 on | 11-09-2024 09:03:28
ഫിലാഡല്‍ഫിയ: ലോകം ഉറ്റുനോക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. പ്രചരണ യോഗങ്ങളില്‍ ഇരു സ്ഥാനാര്‍ഥികളും പരസ്പരം കൊമ്പുകോര്‍ത്തും ആരോപണങ്ങള്‍ ഉന്നയിച്ചും വാര്‍ത്തകള്‍ ഇടംപിടിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കമല കമ്യൂണിസ്റ്റാണെന്ന ട്രംപിന്റെ പരാമര്‍ശവും ട്രെപിനെ നോക്കി ആളുകള്‍ ചിരിക്കുന്നുവെന്ന കമലയുടെ പരഹാസവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ മുതല്‍ ക്യാപിറ്റോള്‍ ആക്രമണം വരെ സംവാദത്തില്‍ വിഷയമായപ്പോള്‍ കമല ഹാരിസിന് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. കമല ഹാരിസിനെ ഒരു ഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ മടുപ്പിന്റെ സൂചനയാണ് റാലികളില്‍ കാണുന്ന ജനങ്ങളുടെ കുറവെന്നായിരുന്നു കമലയുടെ പ്രതിരോധം. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല പരിഹസിച്ചു.
അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് ചൂടുള്ള വാഗ്വാദമാണ് ഇരു നേതാക്കളും തമ്മിലുണ്ടായത്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക എന്ന ട്രംപിന്റെ നയങ്ങളെയും കമലഹാരിസ് വിമര്‍ശിച്ചു. ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് ട്രംപ് ഭരണകാലം സമ്മാനിച്ചത്. ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യം ചെയ്തത് ഈ സാഹചര്യം ഇല്ലാതാക്കുക എന്നതായിരുന്നു.
എന്നാല്‍ രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതിരോധം. ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
പിന്നാലെ കുടിയേറ്റ വിഷയത്തിലേക്ക് ചര്‍ച്ച വഴിമാറ്റാനും ട്രംപ് തയ്യാറായി. മെക്സികന്‍ കുടിയേറ്റത്തെ ഭ്രാന്തന്‍മാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാനുള്ള സുപ്രീം കോടതി വിധിയിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍ എത്തിനിന്നത്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികര പരിധിയില്‍ നിലനില്‍ക്കണം എന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വച്ചത്.