by webdesk1 on | 10-09-2024 10:45:22
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും വാളെടുത്ത് പി.വി. അന്‍വര്‍ എം.എല്‍എ. പി.ശശി വലിയ പരാജയമാണെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ശരിയല്ലാത്തതുകൊണ്ടാണെന്നും അന്‍വര്‍ ആരോപിച്ചു.
ജനങ്ങള്‍ക്കും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കും നീതി ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ പരാജയമായിരുന്നു. പോലീസിനെക്കുറിച്ച് പരാതി വന്നാല്‍ അത് ചവറ്റുകുട്ടയിലേക്ക് തള്ളും. ആ പരാതികളില്‍ ഒരു തീരുമാനവും ഉണ്ടാകാറില്ല. അദ്ദേഹം എടുത്ത പൊളിറ്റിക്കല്‍ തീരുമാനങ്ങളുടെ ഭാഗമായിട്ടാണ് ഈ പാര്‍ട്ടിക്ക് ഇത്ര വലിയ പോലീസിങ്ങിന്റെ ക്ഷീണം വന്നത്.
ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ശരിയല്ലാത്തതുകൊണ്ടാണ്. പാര്‍ട്ടിക്ക് അതില്‍ ക്ഷീണമുണ്ടായിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് ക്ഷീണമുണ്ടായിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ അദ്ദേഹം പരാജയമാണ്. അപ്പറഞ്ഞിത് ഒരു മാറ്റമില്ലെന്നും അന്‍വര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി ആശ്വാസകരമാണെന്നും അന്‍വര്‍ പ്രതികരിച്ചു. ഈ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, മുഖ്യമന്ത്രി ഒന്നും ചെയ്യില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണിത്. ഒന്നാം ഘട്ടത്തില്‍ സുജിത് ദാസ് ഐ.പി.എസ് പോയി. ഇപ്പോള്‍ ശശിധരന്‍ ഐ.പി.എസ് പോകുന്നു. ഡി.വൈ.എസ്.പിമാര്‍ പോകുന്നു. വിക്കറ്റുകള്‍ വീണുകൊണ്ടേയിരിക്കും. വീഴാതെ പോകില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.