by webdesk1 on | 10-09-2024 07:35:55 Last Updated by webdesk1
തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലിന് ശേഷം `മിണ്ടാട്ടം മുട്ടി`പ്പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ പ്രതികരണവുമായി രംഗത്തെത്തി. ആര്‍.എസ്.എസുമായി ബന്ധം കോണ്‍ഗ്രസിനാണെന്നും സി.പി.എമ്മിന് അതിന്റെ ആവശ്യമില്ലെന്ന് ഉറച്ച ഭാഷയില്‍ പറഞ്ഞ മുഖ്യമന്ത്രി പക്ഷെ അജിത്കുമാറിനെതിരെ ഒരക്ഷരം മിണ്ടിയതുമില്ല.
സിപിഎമ്മിന് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ല. ബാബ്‌റി മസ്ജിദ്, തലശേരി കലാപം, കെ.പി.സി.സി പ്രസിഡന്റ് ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നതടക്കം ഓര്‍മിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന് മേല്‍ ആര്‍.എസ്.എസ് ബന്ധം കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്.
സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആര്‍.എസ്.എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഇനിയും വെള്ളം ചേര്‍ക്കില്ലെന്നും സി.പി.എം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സി.പി.എം നിര്‍മ്മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവേ പിണറായി വിജയന്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത് മുതല്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ തുടക്കം മുതല്‍ എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ വലിയ പ്രചാരണം നടത്തുന്നത് സി.പി.എം - ആര്‍.എസ്.എസ് ബന്ധമാരോപിച്ചാണ്.
എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സി.പി.എമ്മിന് ഉണ്ടായിട്ടില്ല. ആര്‍.എസ്.എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയെ നോക്കിയാണ് ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്? കെ.പി.സി.സി പ്രസിഡന്റാണ് അത് പറഞ്ഞത്, ഞങ്ങളാരും കെട്ടിച്ചമച്ച് പറഞ്ഞതല്ല. എടക്കാട്, തോട്ടട മേഖലകളില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാവല്‍ നിന്നുവെന്നല്ലേ കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആര്‍ക്കാണ് അപ്പോള്‍ ആര്‍.എസ്.എസ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നല്‍കിയത് സി.പി.എമ്മാണ്. അന്ന് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സി.പി.എം. ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണ് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ ആര്‍.എസ്.എസ് നേതാവ് രണ്ടാം കര്‍സേവകന്‍ എന്ന് വിളിച്ചിരുന്നുവെന്നും ബാബ്‌റി മസ്ജിദ് കാലത്ത് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ആരായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.