News Kerala

വൈദ്യുതി ബോര്‍ഡിന് ഉഗ്രന്‍ പണികൊടുത്ത് സര്‍ക്കാര്‍: വൈദ്യുതി ഡ്യൂട്ടി വിട്ടു തരില്ല; പെന്‍ഷന്‍ നല്‍കാന്‍ വേറെ മാര്‍ഗം കാണണം

Axenews | വൈദ്യുതി ബോര്‍ഡിന് ഉഗ്രന്‍ പണികൊടുത്ത് സര്‍ക്കാര്‍: വൈദ്യുതി ഡ്യൂട്ടി വിട്ടു തരില്ല; പെന്‍ഷന്‍ നല്‍കാന്‍ വേറെ മാര്‍ഗം കാണണം

by webdesk1 on | 10-09-2024 08:16:58

Share: Share on WhatsApp Visits: 63


വൈദ്യുതി ബോര്‍ഡിന് ഉഗ്രന്‍ പണികൊടുത്ത് സര്‍ക്കാര്‍: വൈദ്യുതി ഡ്യൂട്ടി വിട്ടു തരില്ല; പെന്‍ഷന്‍ നല്‍കാന്‍ വേറെ മാര്‍ഗം കാണണം


തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്നു പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി എടുത്ത് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കം തടഞ്ഞ് സര്‍ക്കാര്‍. വൈദ്യുതി ഡ്യൂട്ടി ബോര്‍ഡിന് വിട്ടുനല്‍കാനാകില്ലെന്നും പെന്‍ഷന്‍ നല്‍കാന്‍ സ്വന്തം നിലയില്‍ മാര്‍ഗം കണ്ടെത്തണമെന്നും ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതി ബോര്‍ഡിന്റെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കെ.എസ്.ഇ.ബി ലിമിറ്റഡ് വാര്‍ഷികവിഹിതം മാസ്റ്റര്‍ ട്രസ്റ്റിനു നല്‍കിയാണ് പെന്‍ഷന്‍ ഫണ്ട് നിലനിര്‍ത്തേണ്ടതെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബോര്‍ഡിലെ പെന്‍ഷന്‍കാരുടെ സംഘടനയായ പെന്‍ഷന്‍ കൂട്ടായ്മ പ്രതിനിധികളെ കേട്ടശേഷം സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പത്തുവര്‍ഷത്തേക്കുകൂടി വൈദ്യുതി ഡ്യൂട്ടി, ബോര്‍ഡിനു നല്‍കണമെന്നും മാസ്റ്റര്‍ ട്രസ്റ്റ് പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പെന്‍ഷന്‍ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്. പെന്‍ഷന്‍ കൂട്ടായ്മ പ്രതിനിധികളെ നേരിട്ടുകേട്ടശേഷം ഇതുസംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് ഊര്‍ജവകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയത്.

2013 ലെ ത്രികക്ഷി കരാര്‍പ്രകാരം പെന്‍ഷന്‍ ഫണ്ടിന്റെ 35.4 ശതമാനം ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളില്‍നിന്ന് ഡ്യൂട്ടി ഇനത്തില്‍ പിരിക്കുന്ന തുക പത്തുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ബോര്‍ഡിനു വിട്ടുനല്‍കിയിരുന്നു. ഈ കാലാവധി 2023 ല്‍ അവസാനിച്ചു. ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന് ആ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മാസ്റ്റര്‍ ട്രസ്റ്റ് ഫണ്ട് യാഥാര്‍ഥ്യമാവാത്തതിനാല്‍ വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ പ്രതിസന്ധിയിലാവുമെന്ന് ചൂണ്ടിക്കാട്ടി പെന്‍ഷന്‍ കൂട്ടായ്മ സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment