News Kerala

ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന് സമ്മതിച്ച് അജിത്കുമാര്‍; സന്ദര്‍ശനം തീര്‍ത്തും സ്വകാര്യം: പോയത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്

Axenews | ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന് സമ്മതിച്ച് അജിത്കുമാര്‍; സന്ദര്‍ശനം തീര്‍ത്തും സ്വകാര്യം: പോയത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്

by webdesk1 on | 07-09-2024 08:44:32 Last Updated by webdesk1

Share: Share on WhatsApp Visits: 46


ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന് സമ്മതിച്ച് അജിത്കുമാര്‍; സന്ദര്‍ശനം തീര്‍ത്തും സ്വകാര്യം: പോയത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്


തിരുവനന്തപുരം: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയത്. തീര്‍ത്തും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം.

ദത്താത്രയെ ഹൊസാബലയെ തൃശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആരോപണം ഉന്നയിച്ചത്. തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എ.ഡി.ജി.പിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍.എസ്.എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയത്.

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുന്‍പിലെ ആ ദിവസത്തെ സിസ.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു പോലീസ് ഉന്നതര്‍ പറയുന്നു.

സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥര്‍ വഴി സംസ്ഥാന പോലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പെടാത്തതിനാല്‍ പുറത്തേക്കു വരില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതനുസരിച്ചാണു കൂടിക്കാഴ്ചയെങ്കില്‍ തുടര്‍നടപടിയുമുണ്ടാകില്ല.

സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും. പൂരവുമായി ബന്ധപ്പെട്ട ഭരണപക്ഷത്ത് നിന്ന് തന്നെ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എം.എല്‍.എ പി.വി. അന്‍വര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം ഉണ്ടായത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment