by webdesk1 on | 02-01-2025 07:25:15 Last Updated by webdesk1
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും നടത്തുന്ന സമരങ്ങളെ അനാവശ്യമെന്ന് വിശേഷിപ്പിക്കുന്ന സി.പി.എം നേതാക്കളുടെ പ്രതികരണവും സര്‍ക്കാരിന്റെ നടപടികളും, സമരങ്ങളോടുള്ള പാര്‍ട്ടിയുടെ നിലപാട് അടിമുടി മാറിയോ എന്ന് സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഗതാഗതം തടസപ്പെടുത്തി വഞ്ചിയൂരില്‍ സമ്മേളനം നടത്തിയതിനെ മുതിര്‍ന്ന സി.പി.എം നേതാവ് എ.വിജയരാഘവന്‍ ന്യായീകരിച്ചതോടെ പാര്‍ട്ടി ഇപ്പോഴും സമരങ്ങളെ പിന്തുണയ്ക്കുന്നുണ്ട് എന്ന തോന്നല്‍ തിരികെ നല്‍കിയിട്ടുണ്ട്. പക്ഷെ സമരങ്ങള്‍ സി.പി.എം നടത്തണം. മറ്റാരെങ്കിലും നടത്തിയാല്‍ അത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആകാനും പാടില്ല. ഇതാണ് സമരങ്ങളോടുള്ള പാര്‍ട്ടിയുടെ പുതിയ സമീപനം.
ഒരു സമരം നടത്തിയാല്‍ അത് സഹിക്കാന്‍ പറ്റാത്ത ആളുകളുകളാണ് നമ്മുടെ നാട്ടിലെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.വിജയരാഘവന്‍ പറഞ്ഞത്. റോഡിലൂടെ പ്രകടനം നടത്തണ്ട, മലയില്‍ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം. മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തുമോ? കോടീശ്വരന്മാര്‍ പാര്‍ലമെന്റ് കയ്യടക്കിയതോടെ അങ്ങോട്ട് പോകാന്‍ വയ്യാതെയായി. റോഡില്‍ പ്രകടനം നടത്തിയാല്‍ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാന്‍ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങള്‍ പറയുന്നതെന്നും മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
സമരങ്ങളോടുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് പ്രകടമാക്കുന്നതായിരുന്നു വിജയരാഘവന്റെ പ്രസംഗം. റോഡില്‍ സമരം നടത്തുന്നത് അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന വിജയരാഘവന്‍ നവകേരള സദസിന്റെ കാലത്ത് സമരം ചെയ്തവരെ കൈകാര്യം ചെയ്തതിനെ തള്ളിപ്പറയുന്നില്ല. പകരം സമരക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐക്കാര്‍ ചെടിച്ചട്ടിക്കൊണ്ട് തലയ്ക്കടിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ലാത്തിക്ക് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും അത് നന്നായിപ്പോയി എന്ന പറഞ്ഞ ആളാണ് വിജയരാഘവന്‍.
വിജയരാഘവന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലത്തും സര്‍ക്കാരിനെതിരെ നടന്ന സമരങ്ങളോടും അദ്ദേഹം അസഹിഷ്ണുതയോടെയാണ് പെരുമാറിയിട്ടുള്ളത്. ഇപ്പോള്‍ റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ ശബ്ദിച്ചവരേയും എന്തിനേറെ കോടതിയെ പോലും കളിയാക്കുന്നതാണ് അദ്ദേഹത്തില്‍ നിന്നു ഇപ്പോഴുണ്ടായ പ്രതികരണം. സമരങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നതാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ പറഞ്ഞുവയ്ക്കുന്നത്. മറ്റാരെങ്കിലും അതു നടത്തിയാല്‍ ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ എതിരെ ആകാന്‍ പാടില്ല. ഒരു വല്ലാത്ത തരം ഇരട്ടത്താപ്പാണ് സമരങ്ങളോടുള്ള സി.പി.എമ്മിന്റെ പുതിയ സമീപനം.