by webdesk1 on | 17-12-2024 08:47:02
കൊച്ചി: സീസണിലെ മധ്യത്തിൽ വെച്ച് പുതിയ കോച്ചിനെ പുറത്താക്കിയതിലൂടെ ഏറെ നാളായി കലിപ്പിലുള്ള ആരാധകരെ തൃപ്തിപ്പെടുത്താമെന്ന ധാരണയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനു. എന്നാൽ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇതിനകം മഞ്ഞപ്പട എന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കോച്ചിനെ പുറത്താക്കിയതുകൊണ്ടു തീരുന്നതല്ല ബ്ലാസ്റ്റേഴ്സിലെ പ്രേശ്നങ്ങളെന്നും തെറ്റായ ട്രാൻസ്ഫർ, ദീർഘ വീക്ഷണമില്ലായ്മ തുടങ്ങിയ മാനേജ്മെന്റിന്റെ പിഴവുകൾ മറച്ചുവെക്കാനാണു ഈ നടപടി എന്നുമാണ് മഞ്ഞപ്പടയുടെ ആരോപണം.
ഐ.എസ്.എൽ തുടങ്ങിയ ആദ്യ സീസൺ (2014) മുതലുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ സീസണിലുൾപ്പെടെ മൂന്നു തവണ കപ്പിനും ചുണ്ടിനുമിടയിൽ ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടപ്പെട്ടു. 2014, 2016, 2021-22 സീസണുകളിലാണ് ഫൈനൽ പോരിൽ ടീം തോറ്റു മടങ്ങുന്നത്. ഓരോ തോൽവിക്കു പിന്നാലെയും പുതിയ കോച്ചിനെയും ടീമിനെയും കൊണ്ടുവരും. എന്നാൽ വൈകാതെ അവരും നിരാശ സമ്മാനിക്കും. ഏറ്റവുമൊടുവിലായാണ് ഈ സീസണിൽ ടീമിനോപ്പം ചേർന്ന മികായേല്‍ സ്റ്റാറെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.
സീസണിലെ ടീമിന്റെ ദയനീയ പ്രകടനങ്ങളുടെയും തുടര്‍ തോല്‍വിയുടെയും പശ്ചാത്തലത്തിലാണ് നടപടി. സഹ പരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി പട്ടികയില്‍ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ലീഗില്‍ ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ പരാജയപ്പെട്ടു.
നിലവിൽ സീസണിലെ 12 മത്സരങ്ങൾ ഇനിയും ബ്ലാസ്റ്റേഴ്സിനു മുന്നിലുണ്ട്. പുതിയ കോച്ച് ഉടൻ തന്നെ വരുമെന്ന് കെ.ബി.എഫ്.സി അറിയിക്കുന്നുണ്ടെങ്കിലും ഞായറാഴ്ചത്തെ മുഹമ്മദൻസ് എസ്.സിയുമായുള്ള മത്സരത്തിനു മുമ്പ് നിയമനം ഉണ്ടാവാനിടയില്ല. ദ്രുതഗതിയിൽ നിയമിച്ചാൽ തന്നെ, കളിക്കാരുമായും അവരുടെ ശൈലികളുമായി പരസ്പരം സമരസപ്പെടാനും മറ്റുമുള്ള സമയവും വേണ്ടിവരും.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കോച്ച് ഇവാൻ വുകോമനോവിച്ചിനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. കഴിഞ്ഞ സീസണിലെ തോൽവിക്കു പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഇവാൻ ചിലപ്പോൾ തിരിച്ചെത്തിയേക്കും എന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ സജീവമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയിലെ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതുവരെ ചില ആളുകൾക്ക് അത് എത്ര പ്രധാനമാണെന്ന് അറിയില്ല എന്ന അടിക്കുറിപ്പ് ഇതിനുള്ള സൂചനയായി കാണുന്നവരുമുണ്ട്.