News India

ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യം; പിഎസ്എല്‍വി സി-62 വിക്ഷേപണം ജനുവരി 12-ന്

Axenews | ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യം; പിഎസ്എല്‍വി സി-62 വിക്ഷേപണം ജനുവരി 12-ന്

by webdesk2 on | 07-01-2026 06:51:01 Last Updated by webdesk2

Share: Share on WhatsApp Visits: 12


ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യം; പിഎസ്എല്‍വി സി-62 വിക്ഷേപണം ജനുവരി 12-ന്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) വിശ്വസ്ത വാഹനമായ പിഎസ്എല്‍വി (PSLV) വീണ്ടും വിണ്ണിലേക്ക്. 2026-ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ പിഎസ്എല്‍വി സി-62 ഈ മാസം 12-ന് തിങ്കളാഴ്ച രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ (EOS-N1) ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യം ഭ്രമണപഥത്തിലെത്തിക്കുക.

2025 മെയ് 18-ന് നടന്ന പിഎസ്എല്‍വി സി-61 ദൗത്യം മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം പരാജയപ്പെട്ടിരുന്നു. ഈ തിരിച്ചടിക്ക് ശേഷം പിഎസ്എല്‍വി നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. അതിനാല്‍ തന്നെ അതീവ ജാഗ്രതയോടെയും കൃത്യതയോടെയുമാണ് ഐഎസ്ആര്‍ഒ ഈ ദൗത്യത്തെ ഒരുക്കിയിരിക്കുന്നത്. പിഎസ്എല്‍വി പരമ്പരയിലെ 64-ാമത് വിക്ഷേപണമാണിത്.

അന്വേഷ (EOS-N1): ഡിആര്‍ഡിഒ (DRDO) വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, ദേശീയ സുരക്ഷ എന്നീ മേഖലകളില്‍ നിര്‍ണ്ണായകമായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് വിവരങ്ങള്‍ കൈമാറാന്‍ ഇതിന് സാധിക്കും.

ആയുഷ് സാറ്റ് (AayulSAT): ബെംഗളൂരു ആസ്ഥാനമായുള്ള ഓര്‍ബിറ്റ്എയിഡ് എയ്റോസ്പേസ് വികസിപ്പിച്ച ഈ ഉപഗ്രഹം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന പരീക്ഷണമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന (On-orbit refueling) സാങ്കേതികവിദ്യയാണ് ഇത് പരീക്ഷിക്കുന്നത്.  ഇന്തോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹം, സ്‌പെയിനില്‍ നിന്നുള്ള കിഡ് (KID) എന്നീ വിദേശ പേലോഡുകളും ഈ യാത്രയുടെ ഭാഗമാണ്.

ചെറുതും ഇടത്തരവുമായ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമാണ് പിഎസ്എല്‍വി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ആഗോള ബഹിരാകാശ വിപണിയില്‍ സ്വകാര്യ-വിദേശ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ വിജയം അനിവാര്യമാണ്.





Share:

Search

Recent News
Popular News
Top Trending


Leave a Comment