News Kerala

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി

Axenews | മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി

by webdesk2 on | 11-06-2026 08:51:56

Share: Share on WhatsApp Visits: 4


 മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി

കൊച്ചി:  മാസപ്പടി കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പിണറായി വിജയന്റെ മകള്‍ വീണ ടി. വെള്ളിയാഴ്ച നടക്കേണ്ട ചോദ്യം ചെയ്യലില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് വീണയുടെ ആവശ്യം. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് വീണ ഇഡിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഈ അപേക്ഷയില്‍ ഇഡി ഇന്ന് തന്നെ തങ്ങളുടെ അന്തിമ തീരുമാനം വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

വെള്ളിയാഴ്ച രാവിലെ 10.30-ന് കൊച്ചിയിലെ ഇഡി പ്രാദേശിക ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ ടി. ഉള്‍പ്പെടെ 9 പേര്‍ക്കാണ് കേന്ദ്ര ഏജന്‍സി സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) നിന്ന് വീണ കൈപ്പറ്റിയ പണം ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടോ എന്ന് ഇഡി പ്രധാനമായും പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടെത്തിയാല്‍ അത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം.

കൂടാതെ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ എംപവര്‍ ഇന്ത്യയില്‍ നിന്ന് വീണയുടെ ഉടമസ്ഥതയിലായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സിന് ലക്ഷക്കണക്കിന് രൂപ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവ് വിവരങ്ങളും വീണയ്ക്ക് ഇഡിക്ക് മുന്നില്‍ വിശദീകരിക്കേണ്ടി വരും. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ മറ്റ് കരാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് വന്‍ തുകയാണ് എക്‌സാലോജിക് കൈപ്പറ്റിയതെന്ന സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കണ്ടെത്തലും ഈ കേസില്‍ വീണയ്ക്ക് വലിയ കുരുക്കായി മാറിയിരിക്കുകയാണ്.

എക്‌സാലോജിക്കുമായി സിഎംആര്‍എല്‍ ഉണ്ടാക്കിയ കരാറിന് ശേഷം, സമാനമായ ഐടി സേവനങ്ങള്‍ക്കായി അറ്റ്‌നാ ടെക്‌നോളജി എന്ന മറ്റൊരു സ്ഥാപനവുമായി അവര്‍ ഉണ്ടാക്കിയ കരാറിലെ സാമ്പത്തിക വ്യത്യാസങ്ങള്‍ ഈ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികളും എസ്എഫ്‌ഐഒയില്‍ നിന്ന് കോടതി മുഖേന ഇഡി ശേഖരിച്ച 134-ലധികം വരുന്ന സുപ്രധാന രേഖകളും മുന്‍നിര്‍ത്തിയാകും വരുംദിവസങ്ങളിലെ ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുക.




Share:

Search

Recent News
Popular News
Top Trending


Leave a Comment