Infotainment Cinema

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Axenews | പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

by webdesk2 on | 10-06-2026 09:14:07

Share: Share on WhatsApp Visits: 6


പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

2025 മാര്‍ച്ചില്‍ മകനും സംവിധായകനുമായ മനോജ് ഭാരതിരാജ് ഹൃദയാഘാതം മൂലം മരണപ്പെട്ടതുമുതല്‍ അദ്ദേഹം കടുത്ത മാനസിക വിഷമത്തിലും ശാരീരിക അസ്വാസ്ഥ്യങ്ങളിലുമായിരുന്നു. തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകള്‍ക്കുള്ളില്‍ നിന്ന് ഗ്രാമീണതയുടെ യഥാര്‍ത്ഥ ഭംഗിയിലേക്കും സാധാരണക്കാരുടെ ജീവിതങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്ന അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് ഇയക്കുനര്‍ ഇമയം (സംവിധായകരിലെ ഹിമാലയം) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

1977-ല്‍ കമല്‍ഹാസനും രജനീകാന്തും ശ്രീദേവിയും തകര്‍ത്തഭിനയിച്ച 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലായി മാറി. തുടര്‍ന്ന് കിഴക്കേ പോകും റെയില്‍ (1978), സൈക്കോ ത്രില്ലര്‍ ചിത്രമായ സിഗപ്പു റോജാക്കള്‍(1978), നിഴലുകള്‍ (1980), അലൈകള്‍ ഓയ്വതില്ലൈ (1981), ഒരു കൈതിയിന്‍ ഡയറി (1985), ശിവാജി ഗണേശന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ മുതല്‍ മര്യാതൈ (1985), കിഴക്ക് ചീമയിലെ (1993) തുടങ്ങി നാല്‍പ്പതോളം ക്ലാസിക് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. 2020-ല്‍ പുറത്തിറങ്ങിയ മീണ്ടും ഒരു മരിയാത്തൈ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളായ രാധിക, കാര്‍ത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങി ഒട്ടനവധി പ്രതിഭകളെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത് ഭാരതിരാജയായിരുന്നു. കമല്‍ഹാസന്‍, രജനീകാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് അവരുടെ കരിയറിലെ ഏറ്റവും മികച്ച ബ്രേക്ക് കഥാപാത്രങ്ങള്‍ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവായും അദ്ദേഹം പ്രേക്ഷകമനസ്സുകളില്‍ ഇടംനേടി. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരന്‍, തിരുച്ചിത്രമ്പലം, മഹാരാജ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തരുണ്‍ മൂര്‍ത്തി ചിത്രം തുടരും (2025) എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്. ഭാരതിരാജയുടെ വിയോഗത്തോടെ തമിഴ് സിനിമയിലെ സുവര്‍ണ അധ്യായങ്ങള്‍ക്കാണ് തിരശ്ശീല വീഴുന്നത്. ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.




Share:

Search

Recent News
Popular News
Top Trending


Leave a Comment