News India

വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി

Axenews | വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി

by webdesk2 on | 07-06-2026 11:16:19

Share: Share on WhatsApp Visits: 5


വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി

എല്‍പിജി ഗാര്‍ഹിക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ, വാണിജ്യ സിലിണ്ടറുകളുടെ വിലയും അടിക്കടി ഉയരുന്നതിനിടയിലാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും കൂട്ടിയിരിക്കുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് എണ്ണക്കമ്പനികള്‍ പുതിയ വിലവര്‍ധനവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന് തൊട്ടുമുന്‍പ് ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ അസ്ഥിരതയുമാണ് പുതിയ വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, ഇത്രയൊക്കെ വില വര്‍ധിപ്പിച്ചിട്ടും തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

വിലവര്‍ധന നിലവില്‍ വന്നതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നിരക്കുകള്‍ കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് നിലവില്‍ 942 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ 939 രൂപയായിരുന്ന സിലിണ്ടറിന് ഇനി 968 രൂപ നല്‍കേണ്ടി വരും. മുംബൈയില്‍ 912 രൂപയായിരുന്നിടത്ത് പുതുക്കിയ വില 941 രൂപയായി മാറി. കേരളത്തിലും ഈ വിലവര്‍ധനവിന് ആനുപാതികമായ മാറ്റമുണ്ടാകും.

ഗാര്‍ഹിക സിലിണ്ടറുകളുടെ വിലവര്‍ധന സാധാരണക്കാരുടെ അടുക്കളകളെ ബാധിക്കുമ്പോള്‍, വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂടിയത് ഹോട്ടല്‍ വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ന്നതോടെ രാജ്യത്തുടനീളം ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കുതിച്ചുയരുകയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതക വിലയും കൂടിയതോടെ വരും ദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment